തേവര വീടും പിന്നെ ചില നാടകങ്ങളും

thevara2

കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു നഗരത്തിന്‍റെ കണ്ണായ സ്ഥലത്ത് ഏക്കറു കണക്കിനു വസ്തുവും അതിനകത്ത് ഒരു പഴയ  വലിയ തറവാട് വീടും.

വീടിന്‍റെ പേര് “തേവര” വീട് . വസ്തുവെല്ലാം കാട് കയറി കിടക്കുന്നു. വീടാണെങ്കില്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി. ഉത്തരവും കഴുക്കോലും എല്ലാം കൂടി ഏതു നിമിഷവും നിലംപൊത്താം. ചുറ്റുമതിലും ഗേറ്റും ഒക്കെ തകര്‍ന്നു ആര്‍ക്കും കയറി നിരങ്ങാവുന്ന സ്ഥിതിയിലാണ് എന്ന് മാത്രമല്ല വരുന്നവനും പോകുന്നവനും എല്ലാം കയറി നിരങ്ങുന്നുമുണ്ട്.

ഈ തറവാട്ടിലെ ഏക സര്‍ക്കാര്‍ ജോലിക്കാരനായ  അപ്പുക്കുട്ടന്റെ വരുമാനത്തിലാണ് അദ്ദേഹത്തിന്‍റെ വിവാഹം കഴിക്കാത്ത അഞ്ചു ചേട്ടന്മാരും അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബം അര്‍ദ്ധപട്ടിണിയില്‍ കഴിഞ്ഞു കൂടുന്നുന്നത്. ഈ അഞ്ചു ചേട്ടന്മാരും എന്തുകൊണ്ട് ജോലിക്ക് പോകുന്നില്ല എന്ന് ചോദിക്കരുത്. അങ്ങിനെ പ്രതേകിച്ചു ജോലി ഒന്നും ഇല്ലെങ്കിലും എന്നും കുളിച്ചൊരുങ്ങി കളസ്സവും ഒക്കെ ഇട്ടു തിരക്കു പിടിച്ചു എവിടെയൊക്കെയോ പോകുന്നുണ്ട്, തിരിച്ചു വരുന്നുണ്ട് അഞ്ചുപേരും എപ്പോഴും ബിസ്സിയാ. വരുമാനം കൂട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് എന്നും നടത്തുന്നത്. പക്ഷെ ചിലവല്ലാതെ ഒരു നയാ പൈസയുടെ വരുമാനം ഇന്ന് വരെ വന്നിട്ടില്ല.

മാതാപിതാക്കളുടെ ചികിത്സ അവര്‍ക്ക് വേണ്ട മരുന്ന് ലോണ്‍ തിരിച്ചടവ് ഉള്‍പ്പെടെ മറ്റു വീട്ടു ചിലവുകള്‍ എന്നിവയ്ക്ക് വേണ്ടി ആകെയുള്ള വരുമാനം അപ്പുക്കുട്ടന് കിട്ടുന്ന 20,000 രൂപാ ശമ്പളമാണ്. അതുതന്നെ ഇപ്പോള്‍ ഒന്നാം തീയ്യതി കിട്ടുന്നില്ല. എത്രാം തീയ്യതി കിട്ടും എന്നറിയില്ല. കഴിഞ്ഞ മാസം കിട്ടിയത് തന്നെ 20 നാണ്. അതും ശമ്പളത്തിന്റെ 75%. സ്വന്തം ശമ്പളത്തില്‍ നിന്ന് പിടിച്ച പണമായ പി.എഫില്‍ നിന്ന് ഒരു ലോണിനു എഴുതി കൊടുത്തിട്ടു വര്‍ഷം ഒന്നായി എന്ന് കിട്ടും എന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ.

ഇദ്ദേഹം കെ.എസ്.ആര്‍.ടി.സി.യില്‍ ആണോ ജോലി ചെയ്യുന്നത് എന്ന് നിങ്ങള്‍ സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കഥയില്‍ ഇങ്ങനെ വന്നത് യാദ്രിശ്ചികം മാത്രമാണ്.

ശമ്പളത്തിന് പുറമേ പിന്നൊരു 20,000 രൂപാ കൂടി കടം വാങ്ങിയാലെ ഈ വീട്ടുകാര്‍ക്ക് മാസ ചിലവിനു പണം തികയൂ. വസ്തുവിന്‍റെ ഓരോരോ ഭാഗമായി പണയം വച്ച് കടം കുറേശ്ശെയായി വാങ്ങി പിന്നെയും വാങ്ങി വസ്തു മുക്കാലും പണയം വച്ചു കഴിഞ്ഞു.

പക്ഷെ രസകരമായ ഒരു കാര്യം എന്തെന്നാല്‍ ഇന്നുവരെയുള്ള ഇവരുടെ ആകെ കടം അമ്പതു ലക്ഷം രൂപയില്‍ താഴെയാണ്. ഈ തറവാടും വസ്തുവും കൂടി വിറ്റാല്‍ പക്ഷെ നൂറ് കോടി രൂപയോളം കിട്ടും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇവരുടെ വസ്തുവിന്‍റെ നൂറിലൊരു ഭാഗം വിറ്റാല്‍ മതി ഇന്നത്തെ മുഴുവന്‍  കടവും തീരത്ത് നല്ലൊരു ഷോപ്പിംഗ്‌ മാളും തുടങ്ങി ആറു പേരും കൂടി അതും നോക്കി നടത്തി യാല്‍ വീടും നന്നാക്കിയെടുത്തു സുഭിക്ഷമായി രാജകീയമായി ജീവിക്കാം.

അതല്ലെങ്കില്‍ വസ്തുവും കെട്ടിപ്പിടിച്ചു പട്ടിണിയും പരിവട്ടവും കടവും ആയി മുണ്ടും മുറുക്കിയുടുത്തു കഞ്ഞീം കുടിച്ചു ഇങ്ങനെയങ്ങു ജീവിച്ചു തീര്‍ക്കാം.

ഈ തറവാടിന്റെ പേര് “തേവര” വീട് എന്നായതും തികച്ചും യാദ്രിശ്ചികം മാത്രമാണ്. എന്നാല്‍ പണ്ടൊരു കേരള ധനകാര്യ മന്ത്രി കെ.എസ്.ആര്‍.ടി.സി യെ “തേവര” വീടിനോട്‌  ഉപമിച്ചത് യാദ്രിശ്ചികമല്ല….   അതിനി വഴിയേ മനസ്സിലാകും…

തേവര വീട്ടുകാര്‍ വസ്തു വിറ്റ് കടം തീര്‍ക്കുമോ? അപ്പുക്കുട്ടന്‍റെ ചേട്ടന്‍മാര്‍ സൂപ്പര്‍ മാര്‍ക്കറ്റു തുടങ്ങുമോ? അപ്പുക്കുട്ടന്‍ പി.എഫ് ലോണ്‍ കിട്ടുമോ? അപ്പുക്കുട്ടന്‍ എന്നെങ്കിലും ഫുള്‍ ശമ്പളം കിട്ടുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അടുത്ത നാടകം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കൈയ്യടിക്കാന്‍ ആളുള്ളിടത്തോളം ഈ നാടകങ്ങളൊക്കെ ഇനിയും പൊതുജനങ്ങള്‍ സഹിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>