പൊതുഗതാഗതവും കെ.എസ്.ആര്‍.ടി.സി യും പിന്നെ ലാഭവും

parihaar22

വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. യില്‍ നല്‍കി വരുന്ന യാത്രാ സൌജന്യം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി…!

അന്ധര്‍, വികലാംഗര്‍, എം.പി, എം.എല്‍.എ, മുന്‍ എം.പി. മുന്‍ എം.എല്‍.എ തുടങ്ങി സാമൂഹ്യപ്രതിബദ്ധതയുടെ പേരില്‍ കെ.എസ്.ആര്‍.ടി.സി നല്‍കി വരുന്ന യാത്രാ സൌജന്യങ്ങള്‍ ഒന്നും തന്നെ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല.

സാധാരണക്കാരന്‍റെ സഞ്ചാരസ്വാതന്ത്ര്യം എന്ന സര്‍ക്കാര്‍ ചുമതല നിര്‍വഹിക്കാന്‍ വേണ്ടി കെ.എസ്.ആര്‍.ടി.സി. നഷ്ടം സഹിച്ചു ഓടിക്കേണ്ടി വരുന്ന 3000 ത്തില്‍ അധികം വരുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല.

ആ പഴയ പഴമൊഴി പോലെ കെ.എസ്.ആര്‍.ടി.സി ക്ക് ഉത്തരത്തിലിരിക്കുന്ന ലാഭം എടുക്കാന്‍  പറ്റില്ല കാരണം കക്ഷത്തിരിക്കുന്ന നഷ്ടം ഉണ്ടാക്കുന്ന ഏര്‍പ്പാടുകള്‍ ആയ ഓര്‍ഡിനറി സര്‍വീസുകളും, കണ്സെഷനും, ഫ്രീ പാസുകളും കളയാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല.

നഷ്ടം ഉണ്ടാക്കുന്ന പൊതുഗതാഗതം നടത്തണം അതിനകത്തും യാത്രാ സൌജന്യം നല്‍കണം എന്നിട്ട് ലാഭം ഉണ്ടാക്കുകയും വേണം. ഇത് ഏതു സര്‍ക്കാരിന്റെ ഏതു വകുപ്പിലെ ന്യായമാണ്…? അപ്പോപ്പിന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ മാന്ത്രിക വടി ഉണ്ടെങ്കിലല്ലേ പറ്റൂ?

കെ.എസ്.ആര്‍.ടി.സി.ക്കാരന്റെ കുഞ്ഞുങ്ങള്‍ക്ക് അരി വാങ്ങിച്ചു കൊടുക്കേണ്ട പണം, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഡി.എ. കുടിശിക എന്ന പേരില്‍  തട്ടിപ്പറിച്ചു അതുപയോഗിച്ച് പൊതു ഗതാഗതം ശക്തിപ്പെടുത്തി ക്കൊണ്ടിരിക്കുകയാണ്.

സര്‍ക്കാര്‍ സര്‍വീസ് എന്ന സ്വപ്നവുമായി പി.എസ.സി പരീക്ഷ പാസ്സായി കെ.എസ്.ആര്‍.ടി.സി. യില്‍ ജോലിക്ക് കയറിപ്പോയി എന്നത് കൊണ്ട് മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേയും  അധ്യാപകരുടേയും കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും കിട്ടുന്ന ന്യായമായ ആനുകൂല്യം അന്യായമായി ഞങ്ങളുടെയൊക്കെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും നിഷേധിക്കുന്നത് എന്തിനാണ്. അവരൊക്കെ അരിയും പച്ചക്കറിയും മീനും വാങ്ങുന്നിടത്ത് നിന്ന് തന്നെയല്ലേ ഞങ്ങളും വാങ്ങിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി.യുടെ ഇന്നത്തെ പ്രതിസന്ധിയുടെ പരിഹാരം വളരെ എളുപ്പമാണ്. ഇത്രയധികം വിദഗ്ദന്മാര്‍ ഇതിനും മാത്രം തലപുകഞ്ഞു ആലോചിക്കേണ്ട കാര്യം ഒന്നും ഇല്ല.

കെ.എസ്.ആര്‍.ടി.സി. പൊതുജന സേവനമേഖല ആണോ ലാഭമുണ്ടാക്കേണ്ട വ്യവസായമാണോ എന്നു തീരുമാനിച്ച് വ്യക്തത വരുത്തിയ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക എന്നതു മാത്രമാണ് ആ പരിഹാരം.

 • പൊതുജന സേവനമേഖല ആണ് എന്നാണ് ഉത്തരവ് എങ്കി ല്‍
  1. കെ.എസ്.ആര്‍.ടി.സി യെ സര്‍ക്കാര്‍ വകുപ്പ് ആക്കി മാറ്റുക.
  2. അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി യുടെ ചിലവിനുള്ള പണം (ശമ്പളം-പെന്‍ഷ ന്‍ കൊടുക്ക ല്‍ , ഡീസല്‍ അടിക്ക ല്‍, ബസ്സ് വാങ്ങല്‍, സ്പെയര്‍ പാര്‍ട്ട്സ്  എന്നിവ ഉള്‍പ്പെടെ ) പ്രതിമാസം എത്ര തുക വരുമോ ആയത്  മാസാമാസം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കാന്‍  ഈ ഉത്തരവി ല്‍ വ്യവസ്ഥ ചെയ്യുക.
  3. പിന്നെ കെടുകാര്യസ്ഥത കണ്ടെത്താനും നടപടിയെടുക്കാനും സര്‍ക്കാര്‍ ഓഡിറ്റിംഗ് സംവിധാനവും സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനവും കെ.എസ്.ആര്‍.ടി.സി യില്‍ കാര്യക്ഷമമായി നടപ്പിലാക്കുക
 • ലാഭമുണ്ടാക്കേണ്ട വ്യവസായമാണ് എന്നാണ് ഉത്തരവ് എങ്കി ല്‍,
  1. നഷ്ടം വരുത്തിവയ്ക്കുന്ന സര്‍വീസുകളും, കണ്സെഷനും, ഫ്രീ പാസുകളും ഉള്‍പ്പെടെ സകലതും നിര്‍ത്തലാക്കാന്‍ ഈ ഉത്തരവി ല്‍ വ്യവസ്ഥ ചെയ്യുക.
  2. പാവപ്പെട്ടവന് ബെന്‍സ്‌ കാറ് ഫ്രീ ആയി കിട്ടിയാല്‍ എങ്ങനുണ്ടാവുമോ എന്നത് പോലെ കെ.എസ്.ആര്‍.ടി.സി യെ മുടിപ്പിക്കാനായി (കൂടിയ തുകയ്ക്ക് മെയിന്റനന്‍സ് നടത്തിയും ഇരട്ടി ഡീസല്‍ ചിലവാക്കിയും) ബസ്സിന്റെ വിലയുടെ 25 ശതമാനം ഈടാക്കിയിട്ട് ഫ്രീ എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി യുടെ തലയില്‍ കെട്ടിവെച്ച ജന്‍റം  ബസ്സുകളും കൂടി ഈ ഉത്തരവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആര്‍ക്കെങ്കിലും കൊടുക്കണം.

 തീര്‍ച്ചയായും ദീര്‍ഘദൂര സര്‍വീസുകളും സൂപ്പര്‍ ക്ലാസ്‌ ലക്ഷുറി സര്‍വീസുകളും ലാഭകരമായി നടത്താന്‍ കെ.എസ്.ആര്‍.ടി.സി ക്ക് പറ്റും. കാരണം 25,000 ഓളം സ്വകാര്യ ബസ്സുകള്‍ കേരളത്തില്‍ ലാഭകരമായി സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ പകുതിയിലധികം ദീര്‍ഘദൂര സര്‍വീസുകളുമാണ്.

അപ്പോള്‍ ഒരു പതിനായിരമെങ്കിലും സൂപ്പര്‍ ക്ലാസ്സ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തിയാല്‍ പ്രതിമാസം മാസം അഞ്ഞൂറ് കോടിയിലധികം വരുമാനം ഉണ്ടാക്കാം.

ഇത്തരത്തില്‍ ലാഭമുണ്ടാക്കുന്ന സര്‍വീസുകള്‍ കേരളത്തില്‍ ധാരാളം നടത്താന്‍ അവസരമുള്ളപ്പോഴാണ് 5800 ബസ്സുകളും അതില്‍  ആയിരത്തില്‍ താഴെ സൂപ്പര്‍ ക്ലാസ് സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന് പറയപ്പെടുന്നത്‌.

ലാഭമുണ്ടാക്കുന്ന ഏതു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എടുത്തു നോക്കിയാലും വരുമാനം കുറവുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ 20 ശതമാനത്തില്‍ കുറവും വരുമാനം കൂടുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ 80 ശതമാനത്തില്‍ കൂടുതലും ആണെന്ന് കാണാം. കെ.എസ്.ആര്‍.ടി.സി യില്‍ ഇത് നേരെ തിരിച്ചാണ്. ഇത് ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്കും ഭരണവര്‍ഗത്തിനും അറിയാഞ്ഞിട്ടൊന്നുമല്ല.

കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണ് എന്നത് തന്നെ ഇന്നത്തെ മുതലാളിത്ത രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് വ്യാജമായി നിര്‍മ്മിച്ച അയഥാര്‍ത്ഥ സങ്കല്‍പ്പമാണ്. ഇത് കേരളത്തിലെ സാധാരണക്കാരന് എന്ന് മനസ്സിലാകുമോ അന്ന് മാത്രമേ കെ.എസ്.ആര്‍.ടി.സി യും ഇവിടുത്തെ സാധാരണക്കാരനും രക്ഷപ്പെടൂ.

കെ.എസ്.ആര്‍.ടി.സി ഇല്ലാതായാല്‍ ഇന്നാട്ടിലെ സാധാരണക്കാരന്‍റെ യാത്രാ സൌകര്യമാണ് ഇല്ലാതാകുന്നത്. കെ.എസ്.ആര്‍.ടി.സി ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ല എന്ന് പറഞ്ഞാല്‍ ഇന്നാട്ടിലെ സാധാരണക്കാരന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ല എന്ന് കൂടി അതിനു അര്‍ത്ഥമുണ്ട്.

സര്‍ക്കാര്‍ ആശുപത്രികള്‍ നഷ്ടത്തിലാണോ? സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണോ? ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  ഇന്നത്തെ സ്ഥിതി എന്താണ്? ഇവ രണ്ടും ഇന്നു സംഘടിത കൊള്ളക്കാരുടെ അതായത് സംഘടിത കുത്തക മുതലാളിമാരുടെ കയ്യിലായിരിക്കുന്നു. ഫലമോ സാധാരണക്കാരന് ഇവ രണ്ടും അപ്രാപ്യമായിരിക്കുന്നു; കടം വാങ്ങിയും ലോണെടുത്തും ചികിത്സയും വിദ്യാഭ്യാസവും വിലയ്ക്കു വാങ്ങേണ്ടി വരുന്നു.

ഇത് തന്നെയാണ് സര്‍ക്കാര്‍ ബസ്സുകളെ അവഗണിക്കുന്ന രാഷ്ട്രീയക്കാരുടെ ഉള്ളിലിരിപ്പും. സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കാനും തന്മൂലം  അവനെക്കൊണ്ട്  ലോണെടുപ്പിച്ചു സ്വന്തമായി വാഹനം വാങ്ങേണ്ടി വരിക  അല്ലെങ്കില്‍ സ്വകാര്യ ലക്ഷുറി ബസ്സുകളില്‍ കൂടുതല്‍ പണം നല്‍കി യാത്ര ചെയ്യേണ്ടി വരിക തുടങ്ങിയ അവസ്ഥകളിലേക്ക് എത്തിച്ചു അവന്‍റെ പോക്കറ്റ് അടിക്കുക, ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുക എന്നത് ഇന്നത്തെ രാഷ്ട്രീയക്കാരുടെ കൂടി ലക്ഷ്യമാണ്‌.

സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം  ലാഭമുണ്ടാക്കി ശമ്പളം കൊടുക്കേണ്ടിവരുന്ന കാലം വിദൂരമല്ല. എന്തിനു വേണ്ടി ?  ലുലു, റിലയന്‍സ്, ടാറ്റാ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് ഇവയെല്ലാം അടിയറ വെയ്ക്കാന്‍ തന്നെ.  “കെ.എസ്.ആര്‍.ടി.സി” മാറ്റി   “റിലയന്‍സ് ആര്‍.ടി.സി” ആക്കാന്‍ വലിയ താമസമൊന്നുമില്ല.

എല്ലാവരും ഒന്ന് മനസ്സിലാക്കേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അത് ചികിത്സയോ വിദ്യാഭ്യാസമോ ഗതാഗതാമോ ഏതുമാകട്ടെ അവ  ഇല്ലാതായാല്‍ കൂടെ ഇല്ലാതാകുന്നത് സാധാരണക്കാരായവരുടെ  ജീവിതം തന്നെയാണ്.  കെ.എസ്.ആര്‍.ടി.സി ഇല്ലാതായാല്‍ ബുദ്ധിമുട്ടുന്നത് സാധാരണക്കാരന്‍ മാത്രമാണ്. കാശുള്ളവന്‍ ടാക്സിയിലും, വിമാനത്തിലും  ഒക്കെ സഞ്ചരിച്ചോളും.

അതുകൊണ്ട് സര്‍ക്കാര്‍ ബസ്സ് ലാഭമുണ്ടാക്കി സ്വന്തമായി ശമ്പളം കൊടുക്കണമെന്ന് ആര് പറഞ്ഞാലും അത് ജനവിരുദ്ധമാണ്‌ എതിര്‍ക്കപ്പെടെണ്ടതാണ്, കാരണം സാധാരണക്കാരന്‍ വന്‍കിട  മുതലാളിമാരുടെ ബസ്സില്‍ മുതലാളിമാര്‍ തീരുമാനിക്കുന്ന കൂടിയ കൂലിയും കൊടുത്തു യാത്ര ചെയ്തോണം ഇല്ലെങ്കില്‍ ടാക്സി വിളിച്ചു യാത്ര ചെയ്തോണം എന്നാണു ആ പറഞ്ഞതിനര്‍ത്ഥം.

അധികാരവും പണവും തലയ്ക്കു പിടിച്ചവര്‍ക്ക്, സ്വന്തം മക്കളെയും ഒക്കെ വിദേശത്ത് അയച്ചു പഠിപ്പിച്ചു പഞ്ചനക്ഷത്ര സൌകര്യങ്ങളുമായി വിദേശത്തും സ്വദേശത്തുമായി പറന്നു നടന്നു ജീവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം ലാഭമുണ്ടാക്കണം എന്ന് പറയാം.

പക്ഷെ അത് ഏറ്റുപാടുന്ന ദരിദ്രനാരായണ വിപ്ലവ രാഷ്ട്രീയ തൊഴിലാളി അവന്‍റെ കുടുംബത്തില്‍ കൂടി ഒന്ന് നോക്കണം. തന്‍റെ കുടുംബത്തിന്റെ ചികിത്സ, ആഹാരം തന്‍റെ മക്കളുടെ പഠനം ഇതിനൊക്കെ വന്‍തുക ചിലവാക്കാന്‍ വരുമാനം തികയുമോ എന്ന്.

കെ.എസ്.ആര്‍.ടി.സി ക്കാരന് ശമ്പളം കിട്ടിയില്ല എന്ന് സഹതപിച്ച സര്‍ക്കാര്‍ ജീവനക്കാരും  സാധാരണക്കാരനും ഒക്കെ സ്വന്തം വീട്ടുകാരെ ആശുപത്രിയിലെത്തി ക്കുമ്പോഴും സ്വന്തം മക്കളുടെ പഠന ആവശ്യം വരുമ്പോഴുമൊക്കെ ആ സഹതാപം ഓര്‍മ്മ വേണം…  കെ.എസ്.ആര്‍.ടി.സി ക്കാരനെ മാത്രമല്ല നിങ്ങളേം ഇവരൊന്നും വെറുതേ വിടാന്‍ പോകുന്നില്ല.

2 Responses to പൊതുഗതാഗതവും കെ.എസ്.ആര്‍.ടി.സി യും പിന്നെ ലാഭവും

 1. sunilkumar v says:

  These are the facts behind this crisis. Actually these politicians and capitalist are playing this game for long time First, lack of education and View they betraying the poor public. A perpetual enigma. Yes sir they won’t take anything as you said because they don’t want this get solved

 2. Ramu know says:

  Only for karts in KERALA not private buses like Mumbai then karts is prpfitable

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>