എല്‍.എന്‍.ജി, കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കുമോ?

LNG-City-Bus-FDG6111LNG-

കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ എല്‍.എന്‍.ജി ഇന്ധനമായി ഉപയോഗിച്ചാല്‍ വന്‍ തോതില്‍ ലാഭമുണ്ടാക്കാമെന്നും അതിനാല്‍ അടിയന്തിരമായി കെ.എസ്.ആര്‍.ടി.സി. ബസ്സുകളെല്ലാം എല്‍.എന്‍.ജി യിലേക്ക് മാറണമെന്നും പുതിയ ബസ്സുകള്‍ വാങ്ങുന്നതെല്ലാം എല്‍.എന്‍.ജി ബസ്സുകള്‍ മതി എന്നുമൊക്കെ സര്‍ക്കാരും  സര്‍ക്കാരിലെ  ഉന്നത ഉദ്യോഗസ്ഥരും ഒക്കെ തീരുമാനിച്ചതായി മാധ്യമങ്ങളിലൂടെ അറിയാനിടയായി.

ടാറ്റാ മോട്ടോര്‍സ്   എല്‍.എന്‍.ജി ബസ്സ്‌ ഉണ്ടാക്കി പഠിച്ചു അത് പരീക്ഷിക്കാനാകാതെ വിഷമിച്ചിരിക്കുമ്പോഴാണ് കെ.എസ്.ആര്‍.ടി.സി. ബസ്സ് ചെന്ന് കയറിക്കൊടുക്കാന്‍ പോകുന്നത്.

വമ്പന്‍ കമ്പനികളായ പെട്രോനെറ്റ് എല്‍.എന്‍.ജി യും , ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉം  ടാറ്റാ മൊട്ടോര്സും  കൂടി  ചേര്‍ന്ന കൂട്ടുകച്ചവടമായത് കൊണ്ട് അവര്‍ എല്ലാവരും കൂടി ചേര്‍ന്ന്   ആരെയെങ്കിലും സ്വാധീനിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി. യെ രക്ഷപ്പെടുത്താന്‍ തന്നെയാണ് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നതും എന്നെനിക്കു ഉറപ്പുണ്ട്.

ഹരിത വാതകം ഇന്ധനമായി ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. ലാഭം കൊയ്യുന്നതും, കെ.എസ്.ആര്‍.ടി.സി. തൊഴിലാളികുളുടെ മക്കള്‍ മൂന്നു നേരം വയറു നിറച്ചു ആഹാരം കഴിക്കുന്നതും ഞാന്‍ സ്വപ്നം കാണുന്നു.

എന്നിരുന്നാലും ഒരു സംശയം… ഇന്ത്യയില്‍ ഇന്നേ വരെ എത്തിയിട്ടില്ലാത്ത എല്‍.എന്‍.ജി പരീക്ഷണത്തിന്റെ ഗിനി പന്നികള്‍ ആക്കാന്‍, കടത്തിന്റെ മേല്‍ കടവുമായി കുത്തുപാളയെടുത്ത് നില്‍ക്കുന്ന  കെ.എസ്.ആര്‍.ടി.സി തന്നെ വേണോ? പട്ടിണിയും പരിവട്ടവും പ്രാക്കുമായി ജീവിതം ഉന്തി തള്ളി നീക്കുന്ന കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ അരിക്കാശു വീണ്ടും പിടിച്ചു പറിച്ചു തന്നെ വേണോ ഈ പരീക്ഷണം?

സര്‍ക്കാര്‍ തന്നെ ബസ്സ് വാങ്ങി സര്‍ക്കാര്‍ തന്നെ ഡീസലടിച്ചു സര്‍ക്കാര്‍ തന്നെ ശമ്പളം കൊടുക്കുന്ന പ്രസ്ഥാനമാണെങ്കില്‍ ഈ പരീക്ഷണത്തിനു കെ.എസ്.ആര്‍.ടി.സി തൊഴിലാളി എതിര് നില്ക്കില്ല. ഇത് അതല്ലല്ലോ. സകല നേതാക്കളും ആവശ്യപ്പെടുന്നിടത്തൂടെയെല്ലാം നഷ്ടം സഹിച്ചു കെ.എസ്.ആര്‍.ടി.സി ബസ്സ്  ഓടിക്കണം. ബസ്സോടുന്ന കാര്യം വരുമ്പോള്‍ നഷ്ടം പ്രശ്നമല്ല പൊതുജന സേവനമാണ് വലുത് , ശമ്പളത്തിന്റെ കാര്യം വരുമ്പോള്‍ ലാഭമാണ് വലുത് വ്യവസായമായാതിനാല്‍ ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ പണം തരില്ല. ഇതല്ലേ എല്ലാരുടെയും ന്യായം..

ഇത്തരം നിരവധി പരീക്ഷണങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍  വിധേയമായതിന്റെ  ആകെ തുകയാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഇന്നത്തെ അവസ്ഥ. അത്യാവശ്യം വേണ്ട പ്രാഥമിക പഠനങ്ങളോ, വരും വരായ്കകളെ ക്കുറിച്ച് പഠിക്കുന്നത് പോയിട്ട് ചിന്തിക്കുക പോലും ചെയ്യാതെ കെ.എസ്.ആര്‍.ടി.സി. നടത്തിയ നിരവധി പരീക്ഷണങ്ങളാണ് പൊളിഞ്ഞു പാളീസായിട്ടുള്ളത്.

എല്‍.എന്‍.ജി ബസ്സ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ എറണാകുളത്ത് പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്. അടുത്ത ഘട്ടം പരീക്ഷണം കെ.എസ്.ആര്‍.ടി.സി. യില്‍ തന്നെയാകും എന്ന് തോന്നിയതിനാലാണ് ഈയുള്ളവന്‍ സി.എന്‍.ജിയും എല്‍.എന്‍.ജിയും എന്താണെന്ന് അന്വഷിക്കാന്‍ ശ്രമിച്ചത്.

പോരായ്മകള്‍ തെറ്റുകള്‍ ഒക്കെ അറിവുള്ളവര്‍ ഈയുള്ളവന് ചൂണ്ടിക്കാണിച്ചു തരും എന്ന വിശ്വസത്തോടെ തുടങ്ങുന്നു.

എല്‍.എന്‍.ജി യും സി.എന്‍.ജി.യും തമ്മിലുള്ള വ്യത്യാസം.

ഇത് രണ്ടും യഥാര്‍ത്ഥത്തില്‍  പ്രകൃതി വാതകം തന്നെയാണ്. രണ്ടിന്റേയും പ്രധാന ഘടകം ഒന്ന് തന്നെ ആണ്, മീഥേന്‍. പക്ഷെ ശേഖരിച്ചു വയ്ക്കുന്ന രീതിയാണ് എല്‍.എന്‍.ജി യെയും സി.എന്‍.ജി. യെയും വ്യത്യസ്തമാക്കുന്നത്.

യഥാര്‍ത്ഥത്തില്‍ എല്‍.എന്‍.ജി എഞ്ചിന്‍ സി.എന്‍.ജി. എഞ്ചിന്‍ എന്നിങ്ങനെ രണ്ടുതരം എഞ്ചിനുകളും നിലവിലില്ല. നാച്ചുറല്‍ ഗ്യാസ് എഞ്ചിന്‍ ആണ് നിലവിലുള്ളത്. രണ്ടു രീതിയില്‍ സംഭരിച്ചാലും ഗ്യാസ് രൂപത്തിലാണ് ഇത് എഞ്ചിനില്‍ എത്തുന്നതും ഇന്ധനമായി ഉപയോഗിക്കപ്പെടുന്നതും.

LNG (Liquefied Natural Gas) ക്രയോജനിക് (അന്തരീക്ഷ  മര്‍ദ്ദത്തില്‍ മൈനസ് 162 ഡിഗ്രീ സെല്ഷ്യsസ് താപ നിലയില്‍) ദ്രാവക രൂപത്തിലാണ് ശേഖരിച്ചു വയ്ക്കുന്നത്. അതേസമയം CNG Compressed Natural Gas അന്തരീക്ഷ താപത്തില്‍ 220 ബാര്‍ മര്ദ്ദ ത്തില്‍ ഞെരുക്കി (compressed) വാതക രൂപത്തിലാക്കിയാണ് ശേഖരിച്ചു വയ്ക്കുന്നത്.

ഡീസലും എല്‍.എന്‍.ജി യും സി.എന്‍.ജി.യും തമ്മിലുള്ള ഊര്‍ജ്ജ വ്യത്യാസം.

ഡീസലിനേക്കാളും ഊര്‍ജ്ജ സാന്ദ്രത കുറവാണ് പെട്രോളില്‍ (ഗ്യാസോലിന്‍), അതിനേക്കാള്‍ ഊര്‍ജ്ജ സാന്ദ്രത കുറവാണ് എല്‍.എന്‍.ജി യില്‍, അതിനേക്കാള്‍ ഊര്‍ജ്ജ സാന്ദ്രത കുറവാണ് സി.എന്‍.ജി. യില്‍.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഗാലന്‍ ഡീസല്‍ കൊണ്ട് ഉല്പാദിപ്പിക്കപ്പെടുന്ന അത്രയും ഊര്‍ജ്ജം  ഉല്പാദിപ്പിക്കണമെങ്കില്‍ 1.7 ഗാലന്‍ എല്‍.എന്‍.ജി വേണ്ടിവരും.

lng2

നാച്ചുറല്‍ ഗ്യാസ് എഞ്ചിനും  കെ.എസ്.ആര്‍.ടി.സി.യുടെ പ്രശ്നങ്ങളും

1.ഭാരിച്ച സാമ്പത്തിക ബാധ്യത തന്നെ ഒന്നാമത്തെ പ്രശ്നം.
• എല്‍.എന്‍.ജി ഷാസി ക്ക് ഡീസല്‍ ഷാസി യേക്കാള്‍ അന്‍പതു  ശതമാനം വരെ വിലക്കൂടുതല്‍ ഉണ്ട്.
• ഡീസലില്‍ നിന്ന് നാച്ചുറല്‍ ഗ്യാസ് ലേക്ക് എഞ്ചിന്‍ മാറ്റം വരുത്തുന്നത് വന്‍ ചിലവും അതെ സമയം വിജയ സാധ്യത കുറവും പിന്നീട് മെയിന്റനന്സിനു  വലിയ് തുക ചിലവു വരുത്തി വയ്ക്കുന്നതുമാണ്.
• ഡിപ്പോ തോറും ഗ്യാസ് റീഫില്‍ സ്റ്റേഷന്‍ സെറ്റ് ചെയ്യാനും പരിപാലിക്കാനും വേണ്ടി വരുന്ന വൈദ്യുതിക്ക് ഉള്‍പ്പെടെയുള്ള  വന്‍ ചിലവും സാങ്കേതിക വിദഗ്ദരുടെ ചെലവേറിയ സേവനവും
• മുകളില്‍ പറഞ്ഞ ചിലവുകള്‍ എല്ലാം കണക്കു കൂട്ടിയാല്‍ കേരള സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ധന സഹായം മുന്നൂറു കോടിയുടെ പത്തിരട്ടി കിട്ടിയാല്‍ പോലും മതിയായെന്നു വരില്ല. കൊല്ലുന്നതിനു മുന്‍പ്  കോഴിക്ക് കൊടുക്കുന്ന വെള്ളം പോലെയാകും കെ.എസ്.ആര്‍.ടി.സി ക്ക് ഈ മുന്നൂറു കോടി.
2. കേരളത്തില്‍ എല്‍.എന്‍.ജി വില ഡീസല്‍ വിലയേക്കാള്‍ കൂടുതലാകാനുള്ള സാധ്യത
സി.എന്‍.ജി യുടെ ഡല്ഹി് വില 43രൂപയാണ്. കേരളത്തില്‍ എത്തുമ്പോള്‍ അത് ട്രാന്‍സ്പോര്‍ട്ടെഷന്‍ ചാര്‍ജ്ജ് , ടാക്സുകള്‍ ഉള്‍പ്പെടെ 60 രൂപയെങ്കിലും ആയേക്കും. പോല്ലുഷന്‍ കണ്ട്രോള്‍ ടാക്സ്‌ ഇളവുകള്‍ ഉള്ളതാണ് ഡല്‍ഹിയില്‍ സി.എന്‍.ജി വില കുറയാന്‍ കാരണം. കേരള സര്‍ക്കാര്‍  ഇന്ന് വരെ ഡീസല്‍ വിലയില്‍ കെ.എസ്.ആര്‍.ടി.സി. ക്ക് ഒരുതരത്തിലുള്ള ഇളവുകളും തന്നിട്ടില്ല. മാത്രമല്ല പ്രൈവറ്റ് എല്‍.എന്‍.ജി ബസ്സുകള്‍ക്കും ഇതേ ഇളവു കൊടുക്കേണ്ടി വരുമെന്ന ന്യായം പറയും എന്നതിനാല്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇളവു പ്രതീക്ഷിക്കുകയെ വേണ്ട. അതേസമയം കെ.എസ.ഇ.ബി.ക്ക് ഡീസല്‍ ലിറ്ററിന് 20% ടാക്സ് ഇളവാണ് കേരള സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്.
ക്രയോജനിക് ടാങ്കില്‍ സംഭരിക്കാനും റോഡു വഴി അത് ക്രയോജനിക് ടാങ്കറില്‍ വിതരണം ചെയ്യാനും ചിലവേറിയ സാങ്കേതിക വിദ്യകള്‍ ആവശ്യമായി വരുന്നത് കൊണ്ട് എല്‍.എന്‍.ജി യുടെ വില സി.എന്‍.ജി യേക്കാള്‍ കേരളത്തില്‍ കൂടാനല്ലാതെ കുറയാന്‍ ഒരു സാധ്യതയുമില്ല.

3. മൈലേജ് ഗണ്യമായി കുറയാനുള്ള സാധ്യത

ഊര്‍ജ്ജ സാന്ദ്രത നോക്കിയാല്‍ ഒരു ലിറ്റര്‍ ഡീസലിന്റെ മൈലേജ് കിട്ടണമെങ്കില്‍ 1.7 ലിറ്റര്‍ എല്‍.എന്‍.ജി വേണ്ടിവരും. അപ്പോള്‍ മികച്ച ഇന്ധനക്ഷമത എന്നത് കടലാസില്‍ മാത്രമാകും . അതായതു ഡീസലിനും എല്‍.എന്‍.ജി ക്കും ഒരേ വില, ഉദാഹരണത്തിന് ലിറ്ററിന് 60 രൂപ ആണെന്ന് വച്ചാല്‍ തന്നെ ഡീസലില്‍ 60 രൂപക്കു ഓടുന്ന ദൂരം ഓടണമെങ്കില്‍ 102 രൂപ യുടെ എല്‍.എന്‍.ജി വേണ്ടി വരും.

4. ഭാരവാഹക ശേഷിയും ശക്തിയും ഡീസലിനേക്കാള്‍ കുറവ്
• നാച്ചുറല്‍ ഗ്യാസ് എഞ്ചിനുകള്‍ എല്ലാം തന്നെ ഹൈസ്പീഡ് എഞ്ചിനുകള്‍ ആണ്. അതായത് എഞ്ചിന്‍ പവര്‍ ഡീസല്‍ എഞ്ചിനേക്കാള്‍ കുറവാണ്.  തന്മൂലം ഭാരവാഹക ശേഷിയും കുറവാണ്. ലളിതമായി പറഞ്ഞാല്‍ 110 യാത്രക്കാരുമായി വരുന്ന എല്‍.എന്‍.ജി ബസ്സിനു പാളയത്തെ ഫ്ലൈ ഓവര്‍ ബ്രിഡ്ജ് കയറണമെങ്കില്‍ ബസ്സ് യാത്രക്കാരെ ഇറക്കിയിട്ട്‌ കയറ്റം കയറേണ്ടി വരും. കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് എല്ലാ റൂട്ടിലും യാത്രക്കാര്‍ ഇങ്ങനെ നടന്നു കയറേണ്ടി വരും.

5. എല്‍.എന്‍.ജി വെന്റിംഗ് അഥവാ അന്തരീക്ഷത്തിലേക്ക് തുറന്നു വിട്ടു കളയല്‍ മൂലമുണ്ടാകാവുന്ന ധന നഷ്ടം.
• എല്‍.എന്‍.ജി ദ്രാവകരൂപത്തില്‍ സൂക്ഷിച്ചിട്ടുള്ള ക്രയോജെനിക് ഇന്ധന ടാങ്കിന്റെ നിര്‍ഗ്ഗമന  വാല്‍വിലൂടെയും  മറ്റും കുറേശ്ശെ  ചൂട് അകത്തു കടക്കും. ചൂടാകുമ്പോള്‍ ദ്രാവകം വാതകമായി മാറിക്കൊണ്ടിരിയ്ക്കും. തന്മൂലം മര്‍ദ്ദവും  കൂടും. അങ്ങിനെ ടാങ്കിനുള്ളിലെ മര്‍ദ്ദം അപകടകരമായ നിലയിലേക്ക് ഉയരുമ്പോള്‍, മര്‍ദ്ദം കുറയ്ക്കാനായി എല്‍.എന്‍.ജി അന്തരീക്ഷത്തിലേക്ക് തുറന്നു വിട്ടു കളയേണ്ടി വരും.
എന്നാല്‍ ഇന്ധനം ഉപയോഗിച്ചു കൊണ്ടിരുന്നാല്‍ ടാങ്കില്‍ നിന്ന് പുറത്തേക്ക് വാതകം പോകുമ്പോള്‍ ടാങ്കിനകത്ത് ബാഷ്പീകരണം മൂലം തണുപ്പ് ഉണ്ടാകുകയും തന്മൂലം അകത്തു കയറുന്ന ചൂടിനെ ഇല്ലാതാക്കുകയും ചെയ്യും.
• ഇനി വാഹനം ഓടാതിരുന്നാല്‍, ഇന്ധനം മുഴുവന്‍ നിറച്ച എല്‍.എന്‍.ജി ഹെവി ട്രക്കിന്റെമ ടാങ്ക്, ഏകദേശം അഞ്ചു ദിവസം വരെ മാത്രമേ ഉപയോഗിക്കാതെ വച്ചിരിക്കാന്‍ പറ്റൂ. അഞ്ചു ദിവസംകൊണ്ട് അത് മുഴുവന്‍ പലപ്പോഴായി തുറന്നു വിട്ടു കളയേണ്ടി വരും.
ഇത് കെ.എസ്.ആര്‍.ടി.സി.യെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്റര്‍ സ്റേറ്റ് ഓടുന്ന പത്ത് മണിക്കൂറിലധികം സ്റ്റേ ഉള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളൊക്കെ ഉപയോഗിക്കുന്നതിന്റെ ഇരട്ടി എല്‍.എന്‍.ജി തുറന്നു വിട്ടു കളയേണ്ടി വരും എന്ന് സാരം. ബന്ദോ ഹര്‍ത്താലോ  കാരണം നിറുത്തിയിടെണ്ടി വരുന്ന ബസ്സുകള്‍ തുറന്നു വിട്ടുകളയുന്ന എല്‍.എന്‍.ജി യുടെ അളവ്, ബസ്സ് ഓടിയാല്‍ ചിലവാകുന്ന എല്‍.എന്‍.ജി യുടെ അളവിനേക്കാള്‍ വളരെ കൂടുതലാകും.

ആരെങ്കിലുമൊക്കെ ഇതൊക്കെ ബന്ധപ്പെട്ട അധികാരികളെ ധരിപ്പിച്ചാല്‍ കെ.എസ്.ആര്‍.ടി.സി. യുടെ ആയുസ്സ് അല്പ്പം കൂടി നീട്ടിക്കിട്ടും.

നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് സര്‍വേശ്വരനോട്‌  പ്രാര്‍ഥിച്ചു കൊണ്ട് നിറുത്തുന്നു.

One Response to എല്‍.എന്‍.ജി, കെ.എസ്.ആര്‍.ടി.സി. യെ രക്ഷിക്കുമോ?

  1. naushadniranam says:

    we all welcomethe experiments but at last oru vachakam kelkkan agrahikkunnu ksrtc labhathilaanu

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>